ഡൽഹി തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ വർഗീയ പ്രചാരണം ജനം തള്ളിക്കളഞ്ഞതിന്‍റെ സൂചന: പ്രകാശ് കാരാട്ട്

single-img
12 February 2020

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ വർഗീയ പ്രചാരണം ജനം തള്ളിക്കളഞ്ഞതിന്‍റെ സൂചനയാണ് എന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മാത്രമല്ല, ആം ആദ്മി പാർട്ടിയുടെ വിജയം ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിലെ അരവിന്ദ് കെജ്രിവാളിന്‍റെ മിന്നുന്ന വിജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കിടയിലെ മൃദു ഹിന്ദുത്വ സമീപനമല്ല പകരം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തതാണ് ആംആദ്മിയെ വിജയത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസിലുണ്ടായിരുന്ന അവശേഷിച്ച വോട്ടുകൾ ഇത്തവണ ബിജെപിയിലേക്കാണ് പോയതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. അതേപോലെ തന്നെ ദേശീയ തലത്തില്‍ ബദല്‍ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചും കാരാട്ട് പ്രതികരിച്ചു.

നിലവിൽ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ മുൻനിർത്തിയുള്ള ബദൽ ദേശീയ തലത്തിൽ ആലോചിച്ചില്ലെന്നായിരുന്നു കാരാട്ടിന്‍റെ പ്രതികരണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലാണ് ആദ്യം മതേതരസഖ്യങ്ങൾ രൂപപ്പെട്ട് വരേണ്ടത്.അങ്ങനെയല്ലാതെ ദേശീയ സഖ്യം ആലോചിക്കുന്നതിൽ അർത്ഥമില്ല. മാത്രമല്ല ആം ആദ്മി തന്നെ ഇപ്പോൾ ഡൽഹി മാത്രം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.