പൗരത്വ നിയമ ഭേദഗതി സമരത്തിൽ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം; മുഖ്യമന്ത്രിയെ തള്ളി സിപിഐ

single-img
11 February 2020

കേരളത്തിൽനടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധ സമരങ്ങളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറിയതായി വിവരമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, അത് പറഞ്ഞവരോടും ആവർത്തിച്ചവരോടും തന്നെ അതിനെപ്പറ്റി ചോദിക്കണമെന്നും തീവ്രവാദ സംഘടനകളുമായി സിപിഐക്ക് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി നടത്തിയ പരാമാർശത്തില്‍ അദ്ദേഹത്തിന് വിവരമുണ്ടാകാം, എന്നാൽ സിപിഐയ്ക്ക് പാവപ്പെട്ട സഖാക്കൾ തരുന്ന വിവരമേ ഒള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ വിവിധ മഹല്ല് കമ്മിറ്റികള്‍ നടത്തിയ പൌരത്വ പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി മോദിയും പൌരത്വ നിയമത്തിനെതിരായ ഡല്‍ഹി സമരത്തെ എതിര്‍ക്കാന്‍ ലോക്സഭയില്‍ പിണറായിയുടെ പ്രസ്താവന ഉദ്ധരിച്ചിരുന്നു.