പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; ജാമിയ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം

single-img
10 February 2020

കേന്ദ്ര സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സർവകലാശാലയിലെ ഇപ്പോഴുള്ള വിദ്യാര്‍ത്ഥികളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് പോലീസ് തടഞ്ഞത്.

Support Evartha to Save Independent journalism

മാര്‍ച്ച് ആരംഭിച്ചശേഷം രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും പോലീസുമായി സംഘര്‍ഷമുണ്ടായി.തുടർന്ന് പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലാവുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പോലീസ് തങ്ങളെ ക്രൂരമായി മര്‍ദിച്ചെന്ന് ജാമിയ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അതേസമയം മാര്‍ച്ച് നടത്താന്‍ സമരക്കാര്‍ അനുവാദം വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സർവകലാശാലയിലെ ഏഴാം നമ്പര്‍ ഗേറ്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. വിദ്യാര്‍ത്ഥികളോട് മാര്‍ച്ച് അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളികളുമായി മുന്നോട്ടുപോയി. വനിതകൾ ഉൾപ്പെടെയുള്ളവർ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.