ലോക്സഭ തെരഞ്ഞെടുപ്പ് വിവി പാറ്റ് സ്ലിപ്പുകള്‍ രാജ്യവ്യാപകമായി നശിപ്പിക്കപ്പെട്ടു; ഉത്തരവിട്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
9 February 2020

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വിവി പാറ്റ് പ്രിന്‍റഡ് സ്ലിപ്പുകള്‍ രാജ്യവ്യാപകമായി നശിപ്പിച്ചതായി വിവരാവകാശ രേഖ. ഡല്‍ഹയിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ലിപ്പുകള്‍ നശിപ്പിച്ചെന്ന് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിന് ശേഷം ഒരു കൊല്ലമെങ്കിലും സൂക്ഷിക്കണമെന്ന ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.വിവി പാറ്റ് സ്ലിപ്പുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പലസ്ഥലങ്ങളിലും കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വിവി പാറ്റ് പ്രിന്‍റുകള്‍ നശിപ്പിക്കപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് ചട്ടം 94 ബി അനുസരിച്ച് പ്രിന്‍റ് ചെയ്ത വിവി പാറ്റ് സ്ലിപ്പുകള്‍ ഒരു വര്‍ഷമെങ്കിലും സൂക്ഷിക്കണം.

2019 സെപ്റ്റംബര്‍ 23നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്ത‌രവിറക്കിയത്. ഇത്തരത്തിൽ സ്ലിപ്പുകള്‍ നശിപ്പിക്കാന്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരോട് ആവശ്യപ്പെടുന്നതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. ഉത്തരവ് പ്രകാരം സ്ലിപ്പുകള്‍ നശിപ്പിച്ച് കഴിഞ്ഞാല്‍ അക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.