കുട്ടികളെ പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റണം; പ്രമേയം പാസാക്കി പാകിസ്ഥാൻ ദേശീയ അസംബ്ലി

single-img
7 February 2020

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയോ തുടർന്ന് കൊലപ്പെടുത്തുകയോ, ലൈംഗികമായി ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലാനുള്ള പ്രമേയം പാകിസ്ഥാൻ ദേശീയ അസംബ്ലി പാസാക്കി. പാർലമെന്റിൽ പ്രതിപക്ഷമായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ അംഗങ്ങൾ ഒഴികെയുള്ള എല്ലാവരും പ്രമേയത്തിന് പിന്തുണ നൽകി. സഭയിൽ പാർലമെന്ററികാര്യ മന്ത്രി അലി മുഹമ്മദ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്.

കുറ്റം ചെയ്യുന്നവർക്കുള്ള ശിക്ഷ കടുപ്പിക്കുന്നത് കുറ്റകൃത്യം കുറക്കുന്നതിന് സഹായിക്കില്ലെന്ന് പിപിപി അഭിപ്രായപ്പെട്ടു. പ്രസ്തുത പ്രമേയം ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ ലംഘിക്കുന്നതായതിനാൽ കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റുക എന്നത് സാധ്യമാവില്ലെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗധരിയും പ്രമേയത്തെ അപലപിച്ചു.

വളരെപ്രാകൃതമായ രീതിയാണ് പരസ്യമായി തൂക്കിലേറ്റുക എന്നത് എന്ന് പാക് മന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം പാകിസ്ഥാൻ സർക്കാർ കൊണ്ടുവന്ന പ്രമേയമല്ല ഇതെന്നും, വ്യക്തി അവതരിപ്പിച്ച പ്രമേയമാണ് ഇതെന്നും പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രിഅറിയിച്ചു. പാകിസ്ഥാനിലെ ശിശു സംരക്ഷണ സംഘടനയായ സഹിലിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജനുവരിക്കും ജൂണിനും ഇടയിൽ മാത്രം 1,304 കേസുകളാണ് കുട്ടികൾക്കെതിരായ അതിക്രമമായി പുറത്തുവന്നത്.