ഡല്‍ഹി തെരഞ്ഞെടുപ്പ്: വറ്റിവരണ്ട തടാകത്തില്‍ താമര വിരിയില്ലെന്ന് ശിവസേന

single-img
7 February 2020

ഡൽഹിയിൽ ഭരണത്തിലിരുന്ന ഈ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ശിവസേന. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയതിന് അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രശംസിക്കണമായിരുന്നുവെന്നും ശിവസേന അഭിപ്രായപ്പെട്ടു.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയ സാധ്യതയെ ‘വറ്റിവരണ്ട തടാകത്തില്‍ താമര വിരിയില്ല’എന്നായിരുന്നു ശിവസേന വിശേഷിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ മേൽ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പരിമിതമായ അധികാരം ഉപയോഗിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്ഷേമരംഗത്തും ആംആദ്മി സര്‍ക്കാര്‍ മികച്ചതായി പ്രവര്‍ത്തിച്ചെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനാവാതെയാണ് പ്രധാനമന്ത്രിയും അമിത്ഷായും മടങ്ങുന്നത്. കഴിഞ്ഞ തവണ അവര്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ബിജെപിയ്ക്ക് ഇപ്പോൾ ഡൽഹിയിൽ വിജയിക്കണമെന്ന് തോന്നും അതില്‍ തെറ്റൊന്നുമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.