രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാന മന്ത്രി

single-img
5 February 2020

ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ്.ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.എന്നാല്‍ ട്രസ്റ്റിലെ അംഗങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ബാബറി മസ്ജിദ് പൊളിച്ച 2.77 ഏക്കര്‍ ഭൂമിക്കു പുറമേ അതിന് ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമിയും ട്രസ്റ്റിന് പതിച്ചു നല്‍കാനാണ് തീരുമാനം.

ഈ ഭൂമിയുടെ ഒരു ഭാഗത്ത് പള്ളി പണിയാന്‍ അനുമതി വേണമെന്ന് മുസ്ലീം സംഘടനകള്‍ ഏറെ കാലം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഭൂമി പൂര്‍ണമായും രാമക്ഷേത്രത്തിനായി മാത്രം നല്‍കുമെന്നും തന്റെ പ്രസംഗത്തില്‍ മോദി വ്യക്തമാക്കി.മസ്ജിദിന്റെ നിര്‍മ്മാണത്തിന് യുപി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിയെന്നും മോദി സഭയില്‍ അറിയിച്ചു. എന്നാല്‍ ഈ ഭൂമി എവിടെയെന്ന് വ്യക്തമാക്കിയിട്ടില്ല.

പാര്‍ലമെന്റിന്റെ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയമാണിത്.എന്നിട്ടും അവസാന നിമിഷം പ്രസംഗം ഉള്‍പ്പെടുത്തി.അടിയന്തരമായി ഇന്ന് രാവിലെ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഈ തീരുമാനം മോദി ലോക്‌സഭയില്‍ പ്രഖ്യാപിച്ചത്.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്‍പാണ് ഇത്തരമൊരു പ്രഖ്യാപനം എന്നതാണ്് ശ്രദ്ധേയം.