കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ആവര്‍ത്തിക്കുന്ന സാഹചര്യം ഗൗരവമുള്ളതെന്ന് വിലയിരുത്തല്‍

single-img
1 February 2020

കേരളത്തിലെ സംസ്ഥാനത്തെ മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വയനാട്ടില്‍ ചേര്‍ന്നു. വയനാട് ജില്ലയിലെ കല്‍പറ്റയിൽ കളക്ട്രേറ്റില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേര്‍ന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വയനാട്ടിൽ ഉൾപ്പെടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ആവര്‍ത്തിക്കുന്ന സാഹചര്യം ഗൗരവമുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

യോഗത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് മാവോയിസ്റ്റ് ബാധിത ജില്ലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തപ്പെട്ടു. വിവിധ ജില്ലകളിലെ ആദിവാസി മേഖലയില്‍ വികസന മുരടിപ്പ് മുതലാക്കിയാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നത്.ഇതിനെ ചെറുക്കാനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെകുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.

യോഗത്തില്‍ സംസ്ഥാനചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. പ്രാദേശികമായ പങ്കാളിത്തത്തോടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.