കൊറോണ: തൃശൂരിൽ ചികിത്സയ്ക്ക് തയ്യാറാവാതെ പ്രാര്‍ത്ഥനയുമായി ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി

single-img
1 February 2020

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ശക്തമായ മുന്‍കരുതലുകളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകവേ ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി തൃശൂരില്‍ ചികിത്സയ്ക്ക് വിസമ്മതിച്ചു. നിലവിൽ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ആ പെണ്‍കുട്ടിയ്ക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്തി പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രോഗം ബാധിച്ച പെണ്‍കുട്ടിയോടൊപ്പം തൃശൂരിലെത്തിയ വിദ്യാര്‍ത്ഥിനിയ്ക്കും പനി ബാധയുണ്ടെന്ന് അറിഞ്ഞ് മെഡിക്കല്‍ സംഘം എത്തിയപ്പോള്‍ ചികിത്സിക്കുന്നതിന് പകരം പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിയുകയായിരുന്നു.

കേരളത്തിൽ രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ഒപ്പം വന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വിമാനത്തിൽ 52 പേരാണ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. ഇതിൽ 51 പേരും ആശുപത്രിയിലെത്തിയെങ്കിലും പനി ബാധയുണ്ടായിട്ടും ഈ വിദ്യാര്‍ത്ഥിനി മാത്രം ആശുപത്രിയിലെത്താന്‍ തയ്യാറായില്ല. ഇതിനെ തുടർന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.

അവസാനം മെഡിക്കൽ സംഘം നേരിട്ട് വീട്ടിലെത്തി മൂന്ന് മണിക്കൂര്‍ ബോധവല്‍ക്കരണം നടത്തിയ ശേഷമാണ് ചികിത്സിക്കാന്‍ തയ്യാറായത്. ഇതിന് ശേഷവും ചികിത്സയ്ക്ക് തയ്യാറായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.