ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആറ് പ്രമേയങ്ങള്‍ അവതരിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരണം

single-img
28 January 2020

ഇന്ത്യൻ സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആറ് രാഷ്ട്രീയ ഗ്രൂപ്പുകള്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ നിന്നും സമ ദൂരം പാലിച്ച് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആറ് പ്രമേയങ്ങളും, ചില അംഗങ്ങളുടെ നിലപാടുകളും 28 അംഗ യൂണിയന്റെ ഔദ്യോഗിക നിലപാടല്ലെന്ന് വിദേശകാര്യ, സുരക്ഷാ നയങ്ങളുടെ വക്താവ് വിര്‍ജിന്‍ ബാതു ഹെന്റിക്‌സണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ത്യ ആ രാജ്യത്ത് ജനങ്ങൾക്ക് പൗരത്വം അനുവദിക്കുന്ന രീതിയില്‍ അപകടകരമായ മാറ്റമെന്ന് വിശേഷിപ്പിച്ചാണ് 751 അംഗങ്ങളുള്ള ഇയു പാര്‍ലമെന്റില്‍ ആറ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് കേന്ദ്ര സർക്കാരും, ലോക്‌സഭാ, രാജ്യസഭാ സ്പീക്കര്‍മാരും ഉന്നയിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു വിദേശ പാര്‍ലമെന്റിനും ഇടപെടേണ്ട കാര്യമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഈ പ്രതികരണത്തോടെ പ്രമേയങ്ങള്‍ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി ഇയു വക്താവ് രംഗത്ത് വരികയായിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഇന്ത്യ ഇയു സമ്മേളനം ഈ വരുന്ന മാര്‍ച്ചില്‍ നടക്കുന്നതിന് മുന്നോടിയായി ഇന്ത്യയ്ക്ക് എതിരെയുള്ള ഇടപെടല്‍ വരുന്നത് ഗുണകരമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഇയു വക്താവിന്റെ വിശദീകരണങ്ങളെന്നാണ് കരുതുന്നത്.