യോഗിയുടെ സന്ദര്‍ശിക്കുമ്പോള്‍ തെരുവില്‍ അലയുന്ന പശുക്കളെയും കാളകളെയും നീക്കം ചെയ്യണം; ജൂനിയര്‍ എഞ്ചിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

single-img
28 January 2020

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തെരുവില്‍ അലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം. യോഗി ഗംഗാ യാത്രയില്‍ പങ്കെടുക്കാന്‍ ജനുവരി 29ന് മിര്‍സാപൂരില്‍ എത്തുന്നതിന് മുന്നോടിയായാണ് തെരുവില്‍ അലയുന്ന പശുക്കള്‍, കാളകള്‍ മറ്റ് മൃഗങ്ങള്‍ എന്നിവയെ നീക്കം ചെയ്യാന്‍ ഒമ്പത് ജൂനിയര്‍ എഞ്ചിനീയര്‍മാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ റോഡിലെ കന്നുകാലികളെ മാറ്റുന്നതിനായി മിര്‍സാപൂരിലെ വിവിധ സ്ഥലങ്ങളില്‍ കന്നുകാലികളെ പിടിച്ചുകെട്ടാന്‍ കയറുമായി ഇവര്‍ ഇറങ്ങണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ദൗത്യത്തിനായി എട്ടു മുതല്‍ പത്ത് കയറുകള്‍ വരെ എഞ്ചിനീയര്‍മാര്‍ ഇതിനായി കൊണ്ടുവരണമെന്നും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പക്ഷെ എഞ്ചിനീയര്‍മാര്‍ക്ക് കന്നുകാലികളെ പിടിച്ചുകെട്ടുന്നതില്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നും ഈ ഉത്തരവാദിത്വം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാനും മിര്‍സാപൂര്‍ എഞ്ചിനീയര്‍ അസോസിയേഷന്‍ നിര്‍ദ്ദേശത്തോട് പ്രതികരിച്ച് കത്തയച്ചിരുന്നു. ഈ മറുപടിയെ തുടർന്ന് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ഓര്‍ഡര്‍ മിര്‍സാപൂര്‍ ജില്ലാ അധികൃതര്‍ ചൊവ്വാഴ്ച പിന്‍വലിച്ചതായി മിര്‍സാപൂര്‍ ഡിഎം സുഷീല്‍ പട്ടേല്‍ പറഞ്ഞു. ഇന്നലെയാണ് അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന ഗംഗാ യാത്രയ്ക്ക് യോഗി ആദിത്യനാഥ് തുടക്കം കുറിച്ചത്.