സുഭാഷ് ചന്ദ്രബോസ് പ്രതിമയുടെ കൈയ്യില്‍ ബിജെപി കൊടി; പാര്‍ട്ടി വിടേണ്ടി വരുമെന്ന് നേതാജിയുടെ അനന്തിരവന്‍

single-img
23 January 2020

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസിന്റെ 123 ാം ജന്മദിനത്തില്‍ ബംഗാളില്‍ സുഭാഷ് ചന്ദ്രബോസ് പ്രതിമയുടെ കൈയ്യില്‍ ബി.ജെ.പി കൊടി പിടിപ്പിച്ചതിനെതിരെ സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവനും ബംഗാള്‍ ബിജെപി ഉപാധ്യക്ഷനുമായ ചന്ദ്രബോസ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ പാര്‍ട്ടി നിലപാടിനെതിരെ രംഗത്ത് വന്ന ചന്ദ്രബോസ് നിലപാട് മാറ്റാന്‍ പാര്‍ട്ടി തയ്യാറാകാത്ത പക്ഷം ഇനിയും പാര്‍ട്ടിയില്‍ തുടരുന്നകാര്യം പുനരാലോചിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.

“നേതാജിക്ക് തീര്‍ച്ചയായും ഒരു രാഷ്ട്രീയമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം കക്ഷി രാഷ്ട്രീയത്തിന് അതീതനായ വ്യക്തിയാണ്. ഇന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാജി സുഭാഷ് ചന്ദ്രബോസിനെ അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് നേതാജിയെ സ്വന്തമാക്കാന്‍ കഴിയില്ല, ഒരു പാര്‍ട്ടി അദ്ദേഹത്തിന്റെ കൈയില്‍ പാര്‍ട്ടി പതാക പിടിപ്പിക്കുന്നത് അനുചിതമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരമൊരു നടപടിയെ ഞാന്‍ അങ്ങേയറ്റം അപലപിക്കുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഉടന്‍ തന്നെ ഇക്കാര്യം പരിശോധിക്കണമെന്ന് ഞാന്‍ കരുതുന്നു” അദ്ദേഹം പറഞ്ഞു.

ബംഗാളിലെ നാദിയ ജില്ലയിലുള്ള സുഭാഷ് ചന്ദ്രബോസ് പ്രതിമയുടെ കൈയ്യിലാണ് ബിജെപിയുടെ പതാക വച്ചുപിടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.