യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയില്‍ രാജ്യസഭയിലേക്ക് മത്സരിക്കും

single-img
20 January 2020

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടി പശ്ചിമ ബംഗാൾ ഘടകം തയാറെടുക്കുന്നു. നേരത്തേ ഉപസഭാംഗമെന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള യെച്ചൂരിയെ അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സിപിഐഎം വൃത്തങ്ങൾ അറിയിച്ചു.

2017 ല്‍ യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമായി അയക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ഒരു പാര്‍ട്ടി അംഗത്തെതന്നെ മൂന്ന് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കരുതെന്ന നയം മൂലം യെച്ചൂരിയെ പാര്‍ട്ടി മത്സരിപ്പിച്ചിരുന്നില്ല. അന്ന് യെച്ചൂരിക്ക് അനുകൂല നിലപാടായിരുന്നു രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

“അസാധാരണമായ സാഹചര്യം അസാധാരണമായ നടപടികളാണ് ആവശ്യപ്പെടുന്നത്. രാജ്യം അസാധാരണവും ദുശ്കരവുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മോദി സർക്കാരിന്റെ നയങ്ങളെ എതിർക്കാൻ ഞങ്ങൾക്ക് പാർലമെന്റിൽ ശക്തമായ ശബ്ദം ആവശ്യമാണ്. ഇതിന് യെച്ചൂരിയേക്കാൾ മികച്ച ഒരാളെ കണ്ടെത്താൻ കഴിയില്ല. ഇത് സംബന്ധിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം” മുതിര്‍ന്ന സിപിഐ.എം നേതാവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 നു ശേഷം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരിക്കുന്നതിനാല്‍ തന്നെ രണ്ടില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി രാജ്യസഭാംഗമാകാന്‍ പറ്റില്ലെന്ന പാര്‍ട്ടി നിയമം ഇപ്പോള്‍ യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ല.

സംസ്ഥാന നിയമസഭയിലെ സിപിഐഎമ്മിന്റെ ഇപ്പോഴത്തെ അംഗബലം അനുസരിച്ച് പാർട്ടിക്ക് സ്വന്തമായി ഒരാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ കഴിയില്ല. അതിനാലാണ് പാര്‍ട്ടി, കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടുന്നത്.

യെച്ചൂരിയാണ് സ്ഥാനാർത്ഥിയെങ്കിൽ കോൺഗ്രസിന്റെ പിന്തുണ ലഭിക്കുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പിടിഐയോട് പറഞ്ഞു.

ഫെബ്രുവരിയിലാണ് ബംഗാളില്‍ നിന്നുള്ള 5 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഇവയില്‍ നാലു സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈയ്യിലാണ്. 2014 ൽ സിപിഐ എം സ്ഥാനാർത്ഥിയായി റിതബ്രത ബന്ധോപാധ്യായയാണ് അഞ്ചാം സീറ്റില്‍ വിജയിച്ചത്. എന്നാൽ 2017 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. അതിന് ശേഷം ഇതുവരെയും ബംഗാളില്‍ നിന്ന് സിപിഐഎമ്മിന് രാജ്യസഭാംഗം ഇല്ല.