ശബരിമല: വിശാല ബെഞ്ചിൽ എല്ലാ കക്ഷികൾക്കും വാദിക്കാനായി 22 ദിവസം

single-img
17 January 2020

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശാല ബെഞ്ചിൽ എല്ലാ കക്ഷികൾക്കും വാദിക്കാനായി 22 ദിവസം ആവശ്യപ്പെടാൻ തീരുമാനം. രണ്ട് വിഭാഗങ്ങൾക്കുമായി പത്ത് ദിവസം വീതവും ഓരോ ദിവസം വീതം മറുപടി വാദത്തിനുമായി നീക്കിവെക്കും. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ചു സെക്രട്ടറി ജനറൽ വിളിച്ചുചേര്‍ത്ത അഭിഭാഷകരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

യോഗം നൽകിയ ശുപാര്‍ശകൾ ഫെബ്രുവരി 3ന് വിശാല ബെഞ്ച് പരിശോധിക്കും. ഇവ അംഗീകരിക്കുകയാണെങ്കിൽ ഫെബ്രുവരി രണ്ടാംവാരം മുതൽ കേസിൽ അന്തിമവാദം തുടങ്ങും. കേസിൽ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനുമാണ് സുപ്രീംകോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തത്.

യോഗത്തിൽ വിഷയങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് നൽകാൻ അഭിഭാഷകൻ വി ഗിരിയെ യോഗം ചുമതലപ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, ഇന്ദിര ജയ്സിംഗ്, രാജീവ് ധവാൻ, അശോക് ഭൂഷണ്‍ എന്നിവര്‍ക്കായിരുന്നു യോഗത്തിന്‍റെ ചുമതല. സ്ത്രീ- പുരുഷ തുല്യതക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് മുമ്പാകെയുള്ളത്.