പ്രചാരണം അടിസ്ഥാന രഹിതം; പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡി ജി പി

single-img
13 January 2020

കേരളത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും മറിച്ചുള്ള രീതിയിൽ പ്രചരിക്കുന്നത് വാസ്തവമല്ല എന്നും ഡിജിപി ലോക്നാഥ് ബെഹ്റ.

പൗരത്വ നിയമഭേദഗതിക്കെതിരായുള്ള പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിര്‍ദേശം നല്‍കിയെന്ന് ഏതാനും മാധ്യമങ്ങളില്‍ വാർത്തകൾ വന്നതിനെ തുടർന്നാണ് വിശദീകരണം.

അതേസമയം സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നു. പക്ഷെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രക്ഷോഭപരിപാടികളിൽ കേസൊന്നുമുണ്ടായില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഡിജിപി രംഗത്തെത്തിയതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.