ഫെഡറൽ സംവിധാനത്തിന് യോജിക്കുന്നതല്ല; പൗരത്വ നിയമ ഭേദഗതിയില്‍ കേരളാ സര്‍ക്കാര്‍ പരസ്യത്തിനെതിരെ ഗവര്‍ണര്‍

single-img
10 January 2020

കേരളാ സർക്കാർ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ .സംസ്ഥാന സർക്കാർ പൊതു ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പത്രപരസ്യം നൽകിയത് അംഗീകരിക്കാൻ ആകില്ല. ഒരുരാജ്യത്തിന്റെ രാഷ്ട്രപതി ഒപ്പിട്ട നിയമത്തിന് എതിരെ പരസ്യം നൽകുന്നത് ഫെഡറൽ സംവിധാനത്തിന് യോജിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഷയത്തിലും കേന്ദ്രവും സംസ്ഥാനവും രണ്ട് തട്ടിൽ ആകുന്നത് ഭരണഘടനയ്ക്ക് നല്ലതല്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം ഒരുതരത്തിലും കേരളത്തെ ബാധിക്കാത്തതാണെന്നിരിക്കെ ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല. ജനങ്ങളുടെ പണം ചെലവഴിക്കേണ്ടത് പൊതു ആവശ്യങ്ങൾക്കായിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.