പെന്‍റഗൺ ഭീകരകേന്ദ്രം; അമേരിക്കൻ സൈന്യം ഭീകരർ; പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ്

single-img
7 January 2020

അമേരിക്കന്‍ സൈന്യത്തെയും അതിലെ ഉദ്യോഗസ്ഥരെയും ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ പാർലമെന്‍റ്.
കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ ഇറാനിലെ ഉന്നത സൈനിക നേതാക്കളിൽ ഒരാളായ മേജർ ജനറൽ കാസിം സൊലേമാനിയെ അമേരിക്ക വധിച്ചതിന് മറുപടിയായാണ് ഇറാന്‍റെ നടപടി.

ഇതോടൊപ്പം അമേരിക്കയുടെ സൈനിക നിയന്ത്രണകേന്ദ്രമായ പെന്‍റഗണിനെ ഭീകരകേന്ദ്രമായും ഇറാൻ പാർലമെന്‍റ് പാസ്സാക്കിയ ബിൽ പ്രഖ്യാപിക്കുന്നു. പ്രസ്തുത ബില്ല് പാസ്സാക്കിയ ശേഷം, ‘ഇനി അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യവുമായി പാർലമെന്‍റംഗങ്ങൾ നടുത്തളത്തിലിറങ്ങി.

അമേരിക്കന്‍ സേനയ്ക്ക്, ഏതെങ്കിലും തരത്തിലുള്ള സൈനിക, ഇന്‍റലിജൻസ്, സാമ്പത്തിക, സാങ്കേതിക, വസ്തു സഹായങ്ങൾ ചെയ്തുകൊടുക്കുന്നതോ, അവരുമായി സഹകരിക്കുന്നതോ ഭീകരപ്രവൃത്തിയായി കണക്കാക്കപ്പെടുമെന്നും ഇറാന്‍ പാർലമെന്‍റ് പാസ്സാക്കിയ നിയമത്തില്‍ പറയുന്നു.

തങ്ങളുടെ സൈനിക മേധാവിയായ കാസിം സൊലേമാനിയുടെ കൊലപാതകത്തിന് കടുത്ത പ്രതികാരം തന്നെ ചെയ്യുമെന്നാണ് ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമനേയി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ലക്ഷക്കണക്കിന് പേരാണ് സൊലേമാനിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായി ടെഹ്‍റാനിലേക്ക് ഒഴുകിയെത്തുന്നത്.