ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍എസ്എസുകാര്‍ ഉപദേശിക്കണമെന്ന് കോടിയേരി

single-img
3 January 2020

രാജ്യത്തിന്റെ ഭരണഘടനയുടെ അന്ത:സത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് കേരളത്തിന്റെ ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യൻ ഭരണഘടനയും സുപ്രീം കോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ ‘സംസ്ഥാന ബിജെപി അധ്യക്ഷന്‍’ കളി എല്ലാ സീമകളും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേരളാ നിയമസഭ ഏതു നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്നാണ് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ?. ഇതിന് മുൻപും എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ആ സമയത്തും ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നുവെന്നും കോടിയേരി ഓർമിപ്പിച്ചു.

ആ സമയങ്ങളിൽ ഒന്നും ഉണ്ടാകാത്ത പെരുമാറ്റമാണ് ഇപ്പോൾ സംസ്ഥാന ഗവര്‍ണര്‍ പദവിയിരുന്ന് ആരിഫ് മുഹമ്മദ്ഖാന്‍ കാഴ്ചവെച്ചിരിക്കുന്നത്. വളരെ തരണംതാണ രാഷ്ട്രീയക്കളിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. ഈ പ്രവൃത്തികളൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍എസ്എസുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണമെന്നും കോടിയേരി പറഞ്ഞു.