എൻആർസി നടപ്പാക്കില്ല; നിലപാട് പ്രഖ്യാപിക്കുന്ന പത്താമത്തെ സംസ്ഥാനമായി ആന്ധ്രാപ്രദേശ്

single-img
23 December 2019

കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഇതോടെ ഇത്തരത്തില്‍ നിലപാടെടുക്കുന്ന പത്താമത്തെ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറി. സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കില്ലെന്ന ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ഷെയ്ഖ് ബിപാരിയുടെ പ്രഖ്യാപനം തന്റെ അറിവോടെയായിരുന്നുവെന്നും ഒരു കാരണവശാലും ആന്ധ്രയില്‍ എൻആർസി നടപ്പാക്കില്ലെന്നും ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു.

അതേസമയം ജഗന്റെ പാര്‍ട്ടിയായ വൈഎസ്ആർ കോൺഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാർലമെന്റിൽ വോട്ട് ചെയ്തിരുന്നത്. ആന്ധ്രയിലും തെലങ്കാനയിലും ജനങ്ങള്‍ എൻആർസിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം പൗരത്വ വിഷയത്തിൽ ബിജെപിയെ പിന്തുണക്കുന്ന നിലപാടിൽ നിന്ന് ജഗൻമോഹൻ പിന്മാറണമെന്ന് ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദിൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടിരുന്നു.

ആന്ധ്രയ്ക്ക് മുന്‍പ് പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിയമത്തിനെതിരെ നിലപാട് പ്രഖ്യാപിച്ചിരുന്നു.