ശബരിമല യുവതി പ്രവേശനം;ജനുവരി മുതല്‍ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി

single-img
21 December 2019

ശബരിമല യുവതി പ്രവേശന ഹര്‍ജികളില്‍ ജനുവരി മുതല്‍ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കും. നിലവില്‍ ഫയല്‍ ചെയ്തിരിക്കുന്ന 70 ഓളം ഹര്‍ജികളില്‍ ആണ് സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിക്കുക. 2018 സെപ്തംബറില്‍ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്ക് എതിരായ പുന:പരിശോധനാ ഹര്‍ജികളും 2006ല്‍ യുവതീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുകയെന്ന് സുപ്രിംകോടതി അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.

വിധി നടപ്പിലാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ സാവകാശ അപേക്ഷയും ഏഴംഗ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.കോടതി വിധി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് നിരവധി ഹര്‍ജികളും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഏഴംഗ ബെഞ്ച് ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടില്ല. ജനുവരി ആദ്യവാരം ഏഴംഗ ബെഞ്ച് രൂപീകരണം ചീഫ് ജസ്റ്റിസ് നടത്തിയേക്കും. അദേഹമായിരിക്കും ഈ ബെഞ്ചിന്റെ അധ്യക്ഷന്‍. 2021 ഏപ്രില്‍ മാസത്തിന് മുമ്പ് കോടതി വിധി പറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.