പൗരത്വബില്‍; പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

single-img
17 December 2019

ദില്ലി: പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഒമ്പത് രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്ന് നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാജ്യമാകെ പൗരത്വനിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധമാണ് അരങ്ങേറികൊണ്ടിരിക്കുന്നത്. നിയമഭേദഗതി പിന്‍വലിക്കുംവരെ പ്രക്ഷോഭങ്ങള്‍ തുടരാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.

‘ഈ നിയമം മൂലം വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രതിഷേധം രാജ്യമാകെ വ്യാപിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇനിയും ഇത് വ്യാപിച്ചേക്കുമെന്ന് ഭയപ്പെടുന്നതായും പ്രതിഷേധത്തില്‍ പൊലീസ് ഇടപ്പെട്ട രീതിയില്‍ തങ്ങള്‍ക്ക് അതിയായവേദനയുണ്ടെന്നും” കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു. രാജ്യത്തെ ക്രമസമാധാന തകര്‍ച്ചയില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ അനിവാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നത്തില്‍ ഇടപെടാമെന്ന ഉറപ്പ് രാഷ്ട്രപതി നല്‍കിയിട്ടില്ല.