‘അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

single-img
14 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ മുൻ നിലപാട് ആവർത്തിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ.’ ഈ നിയമം കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിർക്കും’. തൃശൂരിൽ നടക്കുന്നകേരളാ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങൾ ബംഗ്ലാദേശിൽ നിന്നോ അഫ്ഗാനിസ്താനിൽ നിന്നോ പാകിസ്താനിൽ നിന്നോ ഇവിടേക്ക് കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയർന്നുവരുന്നേയില്ല. പിതാവിന്‍റെയോ പിതാവിന്‍റെ പിതാവിന്‍റെയോ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’. – മുഖ്യമന്ത്രി പറഞ്ഞു.

‘നിയമത്തിന്‍റെ ബലത്തിൽ എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ല. അതിനാലാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന നമുക്ക് നൽകുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. ഒരു മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.