രാജ്യത്തെ ലൈംഗികാക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കുക; പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധവുമായി യുവതീ യുവാക്കള്‍

single-img
5 December 2019

രാജ്യമാകെ ലൈംഗികാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിന് മുന്നില്‍ അപ്രതീക്ഷിതമായ പ്രതിഷേധം. തലസ്ഥാനത്തെ അതീവ സുരക്ഷമേഖലയായ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തികച്ചും അപ്രതീക്ഷിതമായാണ് ഒരുകൂട്ടം യുവതീ യുവാക്കള്‍ പ്രതിഷേധവുമായി എത്തിയത്.

ഇവർ കൈകളിൽ പ്ലക്കാര്‍ഡുകളും ഇന്ത്യൻ ദേശിയപതാകയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. നിലവിൽ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാൽ വന്‍സുരക്ഷ ഒരുക്കിയിരുന്ന പ്രദേശത്തേക്കാണ് ശക്തമായ പ്രതിഷേധവുമായി സംഘമെത്തിയത്.

സാധാരണ ഗതിയിൽ പോലും പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് അതുപോലെത്തന്നെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും കടത്തിവിടാറില്ല.

എന്നാൽ ഇവിടേക്ക് ഇരുപതോളം വരുന്ന ഒരുസംഘം യുവതീയുവാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. രാജ്യത്തിനെ ലൈംഗികാക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കുക, ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നവര്‍ക്കെതിരെ സമയബന്ധിതമായി ഉചിതമായ ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

രാജ്യമാകെ പ്രതിഷേധം പടർന്ന നിര്‍ഭയ കേസിനു ശേഷം ആദ്യമായാണ് അതീവ സുരക്ഷ മേഖലയിലേക്ക് പ്രതിഷേധം എത്തുന്നത്. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ്‌ചെയ്തു മാറ്റിയിട്ടുണ്ട്.