ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള: ‘ജല്ലിക്കെട്ടി’ലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി

single-img
28 November 2019

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള രജത മയൂര പുരസ്‌ക്കാരം മലയാള സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഇത് രണ്ടാം തവണയാണ് ലിജോ ജോസ് ഗോവ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുന്നത്. ലിജോ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കട്ടാണ് പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

കഴിഞ്ഞ വര്‍ഷം ഈ മാ യൗവിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലിജോയ്ക്ക് ലഭിക്കുക. അതേസമയം ഫ്രെഞ്ച്-സ്വിസ് സിനിമ പാര്‍ട്ടിക്കിള്‍സാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കിയത്. ബ്ലെയ്സ് ഹാരിസനായിരുന്നു സിനിമ സംവിധാനം ചെയ്തത്.

വാഗ്നര്‍ മൗരയുടെ സംവിധാനത്തിൽ പിറന്ന മാരിഗെല്ലയിലെ അഭിനയത്തിന് സ്യു ഷോര്‍ഷിയെ മികച്ച നടനായി തെരഞ്ഞെടുത്തു. ചിത്രത്തിൽ ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ല എന്ന കഥാപാത്രമാണ് ഷോര്‍ഷിയെ മികച്ച നടനാക്കിയത്. മായി ഘട്ടിലെ അഭിനയത്തിന് ഉഷ ജാദവിനാണ് മികച്ച നടിക്കുള്ള രജത മയൂരം. കേരളത്തില്‍ സംഭവിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലയെ പശ്ചാത്തലമാക്കി നിര്‍മിച്ച സിനിമയാണ് മായി ഘട്ട്.