പാർട്ടിയും കുടുംബവും പിളരുന്നു: ശരദ് പവാറിന്റെ മകളുടെ വാട്സാപ്പ് സ്റ്റാറ്റസ്

single-img
23 November 2019

അജിത് പവാർ ബിജെപിയ്ക്ക് പിന്തുണ നൽകിയത് ശരദ് പവാറിനെ മറികടന്നെന്ന റിപ്പോർട്ടുകൾക്ക് പിൻബലമേകുന്ന തരത്തിലുള്ള വാട്സാപ്പ് സ്റ്റാറ്റസുമായി ശരദ് പവാറിന്റെ മകളും മുതിർന്ന എൻസിപി നേതാവുമായ സുപ്രിയ സുലെ.

“പാർട്ടിയും കുടുംബവും പിളരുന്നു” എന്നായിരുന്നു സുപ്രിയയുടെ വാട്സാപ്പ് സ്റ്റാറ്റസ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അജിത് പവാറിന്റെ നീക്കം വ്യക്തിപരം; പാർട്ടിയുടെ പിന്തുണയില്ലെന്ന് ശരദ് പവാർ

ശരദ് പവാറിന്റെ സഹോദര പുത്രനായ അജിത് പവാറിന്റെ തീരുമാനത്തിന് ശരദ് പവാറിന്റെ ആശീർവാദമില്ലെന്ന സൂചനയാണ് സുപ്രിയ നൽകുന്നത്. അതിനിടെ ഇന്നുച്ചയ്ക്ക് 12:30-ന് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് ഠാക്കറെയും കൂടി മാധ്യമങ്ങളെക്കാണുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചിട്ടുണ്ട്.

ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യ സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ വരുന്നതിന്റെ എല്ലാ ചർച്ചകളും പൂർത്തിയായതിനു ശേഷം ഒറ്റരാത്രികൊണ്ടാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇന്നു രാവിലെയാണ് അജിത് പവാറിന്റെയും ഒരു വിഭാഗം എൻസിപി എംഎൽഎമാരുടെയും പിന്തുണയോടെ ദേവേന്ദ്ര ഫഡ്നവിസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറിയത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.