സച്ചിനെയും പോണ്ടിങ്ങിനെയും ഒരേസമയം മറികടന്ന് വിരാട് കോലി

single-img
23 November 2019

ഇന്ത്യയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ഡേ -നൈറ്റ് ടെസ്റ്റില്‍ തന്നെ റെക്കോഡുകള്‍ പഴങ്കഥയാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സച്ചിന്‍ തെണ്ടുല്‍ക്കറുടെയും റിക്കി പോണ്ടിങ്ങിന്റെയും റെക്കോഡുകളാണ് കോലി ഒരേസമയം മറികടന്നത്.

ഒരു ടീംനായകന്‍ നേടുന്ന ടെസ്റ്റ് സെഞ്ചുറികളുടെ പട്ടികയിലാണ് പോണ്ടിങ്ങിനെ പിന്തള്ളി കോലി രണ്ടാംസ്ഥാനത്തെത്തിയത്. ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ടാം ദിവസമാണ് തന്റെ 27-ാം സെഞ്ചുറി കോഹ്‌ലി നേടിയത്. ടെസ്റ്റ്‌ ടീമില്‍ നാകയനായിരിക്കേ കോലി നേടുന്ന 20-ാം സെഞ്ചുറിയാണിത്. ഇക്കാര്യത്തില്‍ 23 ടെസ്റ്റ് സെഞ്ചുറികള്‍ സ്വന്തമായുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേം സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

അതോടൊപ്പം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി കോഹ്‌ലി നേടുന്ന 70-ാം സെഞ്ചുറിയാണിത്. മാത്രമല്ല, എല്ലാ ഫോര്‍മാറ്റുകളിലുമായി ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം ഇതോടെ നേടിയത് 41-ാം സെഞ്ചുറിയാണ്. ഈ സമയം തന്നെ 27 ടെസ്റ്റ് സെഞ്ചുറികള്‍ വേഗത്തില്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം കോലി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ടെസ്റ്റ്‌ മത്സരങ്ങളിലെ 141 ഇന്നിങ്‌സുകളിലാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

കൂടുതല്‍ വേഗത്തില്‍ 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ സച്ചിനെ മറികടക്കാനും അദ്ദേഹത്തിനായി. സച്ചിന്‍ തന്റെ കരിയറില്‍ 505 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടമുണ്ടാക്കിയപ്പോള്‍, കോലിക്ക് അതിനായി വേണ്ടിവന്നത് 439 ഇന്നിങ്‌സുകളാണ്. ഈ സമയം പോണ്ടിങ് നേടിയതാകട്ടെ, 649 ഇന്നിങ്‌സുകളില്‍ നിന്നുമാണ്.