ഗോധ്ര ട്രെയിൻ തീവെയ്പ്പ് കോൺഗ്രസ് ഗൂഢാലോചനയെന്ന് ഗുജറാത്ത് പാഠപുസ്തകം

single-img
23 November 2019

2002-ൽ ഗുജറാത്തിലെ ഗോധ്രയിൽ നടന്ന ട്രെയിൻ തീവെയ്പ്പിനു പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയെന്ന് ഗുജറാത്തിലെ പാഠപുസ്തകം. ഗുജറാത്തിലെ സ്റ്റേറ്റ് ബോർഡ് പുറത്തിറക്കിയ ‘ഗുജറാത്തിന്റെ രാഷ്ട്രീയ ഗാഥ’ എന്ന റഫറൻസ് പുസ്തകത്തിലാണ് ഈ പരാമർശമുള്ളത്.

“ഗുജറാത്തിലെ സ്ഥിരതയുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്തുനന്തിനായി 2002 ഫെബ്രുവരി 27-ന് ഒരു ഗൂഢാലോചന നടന്നു. കർ സേവകരെയും കൊണ്ട് അയോധ്യയിൽ നിന്നും വരികയായിരുന്ന സബർമതി എക്സ്പ്രസ് ട്രെയിന് തീവെച്ചുകൊണ്ടായിരുന്നു അത്. 59 കർസേവകർ കത്തിക്കരിഞ്ഞു മരിച്ചു. ഗോധ്രയിലെ തെരെഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾ നടത്തിയതായിരുന്നു ഈ ഗൂഢാലോചന.”

പുസ്തകത്തിലെ ഒരു ഖണ്ഡികയിൽ പറയുന്നു.

ഗോധ്ര സംഭവത്തിനു പിന്നാലെ നടന്ന കലാപത്തിലും കൂട്ടക്കൊലകളിലും രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിലധികവും ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരായിരുന്നു.

സർക്കാരിന്റെ കീഴിലുള്ള യൂണിവേഴ്സിറ്റി ഗ്രന്ഥ നിർമാൺ ബോർഡിനെ കാവിവൽക്കരിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഗോധ്ര ട്രെയിൻ തീവെയ്പ്പ് കേസിന്മേലുള്ള കോടതിവിധിയെ വളച്ചൊടിക്കുന്ന പരാമർശത്തിന് പുസ്തകത്തിന്റെ രചയിതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ നിയമാടപടി സ്വീകരിക്കട്ടെയെന്ന നിലപാടിലാണ് പുസ്തകത്തിന്റെ രചയിതാക്കളിലൊരാളായ ഭാവ്നാബെൻ ദവെ. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളവ മാത്രമാണെന്നും ദവെ പറഞ്ഞു.