360 പേരുമായി പറന്ന വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

single-img
23 November 2019

ലോസ് ആഞ്ചല്‍സ്: ലോസ്ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫിന് ശേഷം ആകാശത്ത് വെച്ചാണ് അപകടം നടന്നത്.

യാത്രക്കാര്‍ അപകടം പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്. ഉടന്‍ വിമാനം ലോസ്ആഞ്ചല്‍സിലെ എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കുകയായിരുന്നു.വിമാനത്തിന്റെ വലത് എഞ്ചിനാണ് തീപിടിച്ചത്. ”സൂര്യപ്രകാശം പോലെ ഒരു ഫ്‌ളാഷ് ആയിരുന്നു താന്‍ ആദ്യം കണ്ടത്. എന്നാല്‍ പിന്നീട് തീയാളുമ്പോള്‍ ഉണ്ടാകുന്ന ബും ബും എന്ന ശബ്ദം കേള്‍ക്കുകയും പെട്ടെന്ന് പടരുന്നതായി കാണുകയും ചെയ്തുവെന്ന് ‘യാത്രികനായ വാള്‍ട്ടര്‍ ബമ്മന്‍ പറയുന്നു. ജനലിന്റെ പുറത്തേക്ക് ശരിക്കും നോക്കിയപ്പോഴാണ് എഞ്ചിനില്‍ നിന്ന് തീനാളങ്ങള്‍ ഉയരുന്നത് കണ്ടതെന്ന് അദേഹം വ്യക്തമാക്കി.

324 യാത്രികരുമായി പോകുകയായിരുന്ന വിമാനത്തില്‍ 360 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ വീഡിയോ യാത്രികര്‍ പകര്‍ത്തിയിരുന്നു. സംഭവത്തെ കുറിച്ച് ഫിലിപ്പീന്‍സ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണം ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. യാത്രികരുടെ ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ വന്‍ അപകടമാകുമായിരുന്നു ഉണ്ടാകുക. ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടരുകയാണ്.