പത്തുവയസുകാരി വീടിനുള്ളിൽ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലപ്പെട്ട നിലയിൽ: മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

single-img
21 November 2019

കോട്ടയം: ആറാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ മുറിയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉഴവൂർ കരുനെച്ചി ക്ഷേത്രത്തിനു സമീപത്തു വൃന്ദാവൻ ബിൽഡിങ്സിൽ വാടകയ്ക്കു താമസിക്കുന്ന എം.ജി. കൊച്ചുരാമൻ (കുഞ്ഞപ്പൻ)–സാലി ദമ്പതികളുടെ മകൾ സൂര്യ രാമനെ(10)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട കുട്ടിയുടെ അമ്മ സാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കു മനോദൗർബല്യമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

അരീക്കര ശ്രീനാരായണ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സൂര്യ.  ഇന്നലെ വൈകിട്ട് അഞ്ചിനാണു സംഭവം പുറത്തറിഞ്ഞത്.  സൂര്യയുടെ സഹോദരൻ സ്കൂളിൽ പോയി മടങ്ങി വന്നപ്പോൾ സാലി വീട്ടിൽ കയറ്റാൻ വിസമ്മതിച്ചതായി പൊലീസ് പറയുന്നു.
അരീക്കരയിലെ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണു സൂര്യയുടെ സഹോദരൻ സ്വരൂപ്.

തുടർന്ന്  നാട്ടുകാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. സുരേഷും സമീപവാസികളും എത്തിയപ്പോൾ സൂര്യ ഉറങ്ങിയെന്നാണു സാലി പറഞ്ഞത്.  പരിശോധനയിൽ മുറിയിലെ കട്ടിലിൽ സൂര്യയെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

സാലിയുടെ ഭർത്താവ് നെച്ചിപ്പുഴൂർ കാനാട്ട് കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.  രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. സംഭവം നടക്കുമ്പോൾ സാലിയും സൂര്യയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്.

കസ്റ്റഡിയിലെടുത്ത സാലിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറയുന്നതെന്നു പൊലീസ് പറഞ്ഞു. ടിവി കണ്ടതിനാണു കഴുത്തിൽ ഷാൾ മുറുക്കിയതെന്നാണ് ആദ്യം പൊലീസിനോടു പറഞ്ഞതെന്നാണ് റിപ്പോർട്ട്.

സൂര്യയെ ഇന്നലെ സ്കൂളിൽ അയയ്ക്കാൻ സാലി സമ്മതിച്ചില്ലെന്നു സമീപവാസികൾ പറയുന്നു. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞാണു സ്കൂളിൽ അയയ്ക്കാതിരുന്നതെന്നു പറയപ്പെടുന്നു. .