ഗോവന്‍ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ പ്രകാശ് ജാവദേക്കറിനെതിരെ ഗോ ബാക്ക് വിളി; മൂന്ന് പേര്‍ അറസ്റ്റില്‍

single-img
20 November 2019

പനജി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഗോവന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ പ്രതിഷേധം. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഇരിക്കുകയായിരുന്ന മൂന്ന് പേരാണ് ജാവദേക്കറിനെതിരെ ഗോ ബാക്ക് വിളികളുമായി പ്രതിഷേധിച്ചത്.

50ാമത് രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ മന്ത്രിയെ കൂടാതെ അമിതാഭ് ബച്ചന്‍,രജനീകാന്ത്,ബാബുല്‍ സുപ്രിയോ അടക്കമുള്ള പ്രമുഖരും ഉണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി ബഹളം വെച്ചത്.മന്ത്രിക്ക് ഉദ്ഘാടന വേദിയില്‍ ഒരുക്കിയിരുന്ന കനത്ത സുരക്ഷ മറികടന്ന് പ്രതിഷേധം അരങ്ങേറിയതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലായി. പിന്നീട് ഈ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ഗോവയിലേക്ക് ഒഴുകുന്ന മഹാദയി നദിയില്‍ അണക്കെട്ട് നിര്‍മിച്ച് വെള്ളം തിരിച്ചുവിടാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ കലസ ബന്ധുര പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതിനെതിരെ ആയിരുന്നു പ്രതിഷേധം. മഹാദയിയിലെ ജലം ഗോവയില്‍ നിന്ന് ഗതിമാറ്റി ഒഴുക്കുന്നതിനെതിരെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും കോണ്‍ഗ്രസും കനത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. വരുംദിവസങ്ങളില്‍ ഈ വിഷയത്തെ ചൊല്ലി ഗോവയില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ട്.