ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് തൃപ്തി ദേശായി

single-img
14 November 2019

മുംബൈ: ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഉടന്‍ തന്നെ ശബരിമലയിലേക്കു പോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി. യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. അതേസമയം യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായിയുടെ പ്രതികരണം.

യുവതിപ്രവേശനം അനുവദിച്ച് കഴിഞ്ഞവര്‍ഷം വിധി വന്നപ്പോള്‍ തൃപ്തി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയിരുന്നു.എന്നാല്‍ വന്‍പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോകുകയായിരുന്നു.2018 ലെ വിധിയില്‍ സ്‌റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഇനിയും ദര്‍ശനത്തിനെത്തുമെന്ന് കഴിഞ്ഞതവണ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വ്യക്തമാക്കി.മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു.