ലോക്സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ചെലവഴിച്ചത് 820 കോടി; സിപിഎം 73.1 ലക്ഷം; കണക്കുകൾ നൽകാതെ ബിജെപി

single-img
8 November 2019

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുകയുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പുറമേ അരുണാചല്‍ പ്രദേശ്, തെലങ്കാന, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് കണക്ക് നല്‍കിയത്. അതേസമയം ബിജെപി കണക്കുകള്‍ നല്‍കിയിട്ടില്ല.

നിലവില്‍ വിവിധ പാര്‍ട്ടികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത്. ഏകദേശം 820 കോടി രൂപയാണ് കോണ്‍ഗ്രസ് പ്രചാരണത്തിനായി ചെലവാക്കിയത്. അതേസമയം 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 516 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവാക്കിയത്.

ആ തെരഞ്ഞെടുപ്പില്‍ ബിജെപി 714 കോടി രൂപ ചെലവാക്കി. കഴിഞ്ഞ മാസം 31നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കോണ്‍ഗ്രസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ്(83.6 കോടി), ബിഎസ്പി(55.4 കോടി), എന്‍സിപി(72.3 കോടി) എന്നിവരാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് പിന്നില്‍.

കോണ്‍ഗ്രസ് കണക്കുകള്‍ പ്രകാരം 573 കോടി രൂപ ചെക്കായും കറന്‍സിയായി 14.33 കോടിയും ചെലവാക്കി. പ്രചാരണത്തിലെ പരസ്യത്തിനായി 356 കോടിയും ചെലവാക്കി. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ക്ക് 47 കോടി, പ്രചാരകരുടെ വാഹനങ്ങളുടെ ചെലവ് 86.82 കോടി എന്നിങ്ങനെയാണ് ചെലവായ തുക.

കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥികള്‍ക്കായി കോണ്‍ഗ്രസ് 13 കോടി ചെലവാക്കിയപ്പോള്‍ സിപിഎം രാജ്യമാകെ 73.1 ലക്ഷം രൂപ മാത്രമാണ് ചെലവാക്കിയത്. കണക്കുകള്‍ പ്രകാരം ദേശീയപാര്‍ട്ടികളില്‍ സിപിഎമ്മാണ് ഏറ്റവും കുറവ് പണം ചെലവാക്കിയത്.