യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിൽ; കുറ്റസമ്മതവുമായി റിസോർട്ട് മാനേജറുടെ വീഡിയോ

single-img
7 November 2019

ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് സ്വകാര്യ റിസോർട്ട് മാനേജറുടെ വീഡിയോ പുറത്ത്. കൊലചെയ്യപ്പെട്ട റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് വസിം വീഡിയോയിലൂടെ പറയുന്നത്.

ഇയാൾ സഹോദരന് അയച്ച വീഡിയോ പോലീസിന് കൈമാറി. ഒരാഴ്ചയ്ക്ക് മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇടുക്കി സ്വദേശിയായ റിജോഷിനെ ഇയാളുടെ ഭാര്യയും റിസോർട്ട് മാനേജറായ കാമുകനും ചേർന്നാണ് കൊല ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. പക്ഷെ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോർട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടർന്ന് ഇവർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്.

ഇവിടെ കുഴിച്ചുനോക്കിയപ്പോൾ ചാക്കിൽകെട്ടിയ നിലയിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതക ശേഷം മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്. പോലീസ് പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം ലിജിയേയും വസീമിനേയും നാലാം തീയ്യതി കുമളിയിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ കുമളിയിൽ നിന്ന് കമ്പംമേട്ട് വഴി തമിഴ്നാട്ടിലെത്താമെന്ന സൂചനയിൽ അവിടെയും, വസീമിന്റ സ്വദേശമായ തൃശ്ശൂരിലുമെല്ലാം അന്വേഷണസംഘം പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കി.