യോഗിയുടെ യുപിയിലെ ബറേലിയില്‍ മാത്രം ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ ചത്തത് അറുന്നൂറിലധികം കന്നുകാലികള്‍; റിപ്പോര്‍ട്ട് പുറത്ത്

single-img
4 November 2019

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറയുന്ന പശുസ്‌നേഹം വാക്കില്‍ മാത്രമൊതുങ്ങുകയാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞഒന്‍പത് മാസങ്ങള്‍ക്കിടെ യുപിയിലെ ബറേലിയില്‍ മാത്രം ചത്തത് അറുന്നൂറിലധികം കന്നുകാലികളാണ്. എണ്ണം കൂടുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് ഇവയെ സംരക്ഷിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ബറേലി മേയര്‍ ഉമേഷ് ഗൗതം ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഉമേഷ് യോഗിക്കെഴുതിയ കത്തിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 600 കന്നുകാലികളാണ് ഗോസംരക്ഷണ ശാലകളില്‍ ചത്തത്. ഇവയുടെ ശവം പോലും ശരിയായി മറവുചെയ്യപ്പെട്ടിട്ടില്ല’,- കത്തില്‍ പറയുന്നു.

ഉമേഷ്‌ പ്രദേശത്തെ ഗോസംരക്ഷണ ശാലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ‘ഏകദേശം 300 കന്നുകാലികളെ മാത്രം പാര്‍പ്പിക്കാന്‍ കഴിയുന്ന ഈ ശാലകളില്‍ അറുന്നൂറിലധികം കന്നുകാലികളെയാണ് പാര്‍പ്പിച്ചിരുന്നത്. ഇവയ്ക്ക് നല്‍കുന്ന കാലിത്തീറ്റയും ഗുണനിലവാരമില്ലാത്തതാണ്. മിക്ക കന്നുകാലികളുടെയും ആരോഗ്യനില വളരെ മോശമാണ്.’

അതേസമയം കന്നുകാലികളെ പരിചരിക്കുന്നതില്‍ ഗുരുതര പിഴവ് കണ്ടെത്തിയ ബറേലിയിലെ കാമധേനു ഗോശാല ട്രസ്റ്റിനെതിരെ പോലീസ്എഫ്ഐആര്‍ രേഖപ്പെടുത്തി. നിലവില്‍ കാലി സംരക്ഷണത്തിനായി ട്രസ്റ്റിന് ഫണ്ട് നല്‍കുന്നത് തടഞ്ഞിരിക്കുകയാണ്.