സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തി; മോശക്കാരിയായി ചിത്രീകരിച്ചു: ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യരുടെ മൊഴി

single-img
27 October 2019

സംവിധായകൻ ശ്രീകുമാർ മേനോനെതിരായി നൽകിയ പരാതിയിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ സി ബ്രാഞ്ച്  എസിപി സിഡി ശ്രീനിവാസനാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്.


ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താൻ മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജുവാരിയര്‍ നൽകിയ മൊഴിയിൽ പറയുന്നു.

ഐ.പി.സി 509 സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക, 354 (D) ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിൻതുടരുക, 120 ( ഒ) കേരള പൊലീസ് ആക്ട് സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാറിൽ ചുമത്തിയിരിക്കുന്നത്. 

ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ പറയുന്നു.