കെ സുരേന്ദ്രന്റെ പേരിലുള്ള വോട്ടഭ്യർത്ഥനാ വീഡിയോ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; അടിയന്തര നടപടിക്ക് നിർദ്ദേശം

single-img
20 October 2019

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തി എന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി ബി നൂഹ് നിർദ്ദേശം നല്‍കി.

പരാതിയിൽ പറയുന്ന വീഡിയോയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മത ചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പ്രസ്തുത വീഡിയോ നിര്‍മിച്ചത് ആരാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

മാത്രമല്ല, ഈ വീഡിയോ അടിയന്തിരമായി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്ക് കളക്ടർ നല്‍കിയ നിർദ്ദേശത്തില്‍ പറയുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ഡിസിസി മീഡിയ കണ്‍വീനര്‍ സലിം പി ചാക്കോ എന്നിവര്‍ നല്‍കിയ പരാതികളും മീഡിയ മോണിറ്ററിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിച്ചാണ് കളക്ടറുടെ നിര്‍ദേശം.

കോന്നിയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് വി എസ് ഹരീഷ് ചന്ദ്രനും വീഡിയോ വ്യാജമാണെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും , ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവസഭകൾ കുർബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.