കൂടത്തായി: തന്റെ അമ്മയെ കൊന്നത് ജോളി തന്നെയെന്ന് സിലിയുടെ മകൻ

single-img
20 October 2019

ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയെന്ന്  സിലിയുടെ മകന്റെ മൊഴി. ജോളി നല്‍കിയ വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ട്ടപ്പെട്ടതെന്നും സിലിയുടെ മരണശേഷം ജോളി  പല തവണ ഉപദ്രവിച്ചുവെന്നും സിലിയുടെ മകൻ ആരോപിച്ചു.

രണ്ടാനമ്മയില്‍ നിന്ന് തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെയെന്നും സിലിയുടെ മകൻ മൊഴിനൽകി. ഇന്നലെയാണ് അന്വേഷണ സംഘം  പതിനാറുകാരന്റെ മൊഴിയെടുത്തത്.

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസും എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി ജോസഫ്, എം.എസ്. മാത്യു, കെ. പ്രജികുമാർ എന്നിവരുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.