വിവിധ മോഡലുകളിൽ പുതിയ സൈക്കിളുകളുമായി റോഡിലൂടെ കുട്ടികൾ; ആകാംക്ഷ അന്വേഷണമായപ്പോൾ കുടുങ്ങിയത് മോഷ്ടാവ്

single-img
19 October 2019

നാട്ടിലുള്ള കുട്ടികളുടെയെല്ലാം കൈവശം വിവിധ മോഡലിലുള്ള പുതിയ സൈക്കിളുകള്‍. ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് വെങ്കോട്ടയിലാണ് സംഭവം. എങ്ങിനെയാണ് കുട്ടികള്‍ക്കെല്ലാം പുതിയ സൈക്കിള്‍ ലഭിച്ചതെന്ന് ആര്‍ക്കും പിടികിട്ടിയില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൈക്കിളിന് പിന്നിലെ ആ രഹസ്യം പുറത്തറിഞ്ഞത്. ഇവിടെയുള്ള ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത ഒരു സൈക്കിള്‍ ഗോഡൗണില്‍ നിന്നും മോഷണം പോയതായിരുന്നു ഈ സൈക്കിളുകളെല്ലാം.

മോഷണത്തിന് പിന്നിൽ ഉണ്ടായിരുന്നത് വെങ്കോട്ട മുണ്ടുകുഴി സ്വദേശിയായ പുതുപ്പറമ്പില്‍ രാഹുല്‍ എന്ന പത്തൊമ്പതുകാരനും. ഗോഡൗണില്‍ നിന്നും ഏകദേശം രണ്ടരലക്ഷം രൂപ വിലവരുന്ന 38 ഓളം സൈക്കിളുകളാണ് മോഷണം പോയത്. പുതിയ സൈക്കിളുകളില്‍ കറങ്ങിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തായത്.

ഇതിനെ തുടർന്ന് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തനിയെ ആയിരിക്കില്ല മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. മോഷ്ടിക്കപ്പെട്ട 38 സൈക്കിളുകളില്‍ ഇയാൾ കുട്ടികള്‍ക്ക് നല്‍കിയ ഏഴെണ്ണമാണ് പിടികൂടിയത്.