സിനിമകൾ വിജയിക്കുന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലാത്തതിനാൽ; പ്രസ്താവന പിൻവലിച്ച് കേന്ദ്രമന്ത്രി

single-img
13 October 2019

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമില്ല എന്ന പ്രസ്താവന പിൻവലിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. അടുത്തിടെ റിലീസായ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ ചൂണ്ടിക്കാണിച്ചായിരുന്നു രവിശങ്കർ പ്രസാദ് രാജ്യം സാമ്പത്തികമായി നല്ലനിലയിലാണെന്നു പറഞ്ഞത്. അതിന്റെ ഈ പ്രസ്താവനയാണ് അദ്ദേഹം പിൻവലിച്ചിരിക്കുന്നത്.

താൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. രാജ്യത്തെ ലക്ഷണക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ചലച്ചിത്ര മേഖലയെക്കുറിച്ച് തനിക്ക് അഭിമാനമാണെന്നു പറഞ്ഞ രവിശങ്കർ പ്രസാദ്, തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. “ഞാൻ ഒരു സെൻസിറ്റീവ് വ്യക്തിയായതിനാൽ ഞാൻ എന്റെ അഭിപ്രായം പിൻവലിക്കുന്നു,”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പൊതു അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് മാത്രം മൂന്നു സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും സാമ്പത്തികമാന്ദ്യമുള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.