അമേരിക്കയിൽ ട്രംപിന് പ്രചാരണം ചെയ്യുന്ന മോദി കര്‍ണാടകയിലെ പ്രളയത്തില്‍ തിരിഞ്ഞുനോക്കിയില്ല: സിദ്ധരാമയ്യ

single-img
13 October 2019

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. അമേരിക്കയില്‍ ട്രംപിനു വേണ്ടി കാംപയിന്‍ ചെയ്യാന്‍ മോദിക്ക് സമയമുണ്ട്. പക്ഷെ വെള്ളപ്പൊക്കത്തില്‍ നശിച്ച കര്‍ണാടകയിലെ പ്രദേശങ്ങള്‍ വന്നു കാണാന്‍ സമയമില്ല എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഇന്ന് ചിക്കമംഗലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കര്‍ണാടക ഇത്തവണ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം വെള്ളപ്പൊക്കമാണ് കണ്ടത്. ചില സ്ഥലങ്ങളില്‍ അത്യധികം വരള്‍ച്ചയും ഉണ്ടായി. ഇവിടേക്ക് കേന്ദ്ര സര്‍ക്കാര്‍ 60 ദിവസം മാത്രമാണ് സഹായങ്ങള്‍ നല്‍കിയത്. അതായത് 1,200 കോടി മാത്രം. സംസ്ഥാനത്തിന് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്, പ്രധാനമന്ത്രിക്ക് കര്‍ണാടക വന്ന് സന്ദര്‍ശിക്കാന്‍ സമയമില്ല, പക്ഷെ അദ്ദേഹം വിദേശരാജ്യങ്ങളില്‍ പോകുന്നുണ്ട്. ട്രംപിന് വേണ്ടി കാംപയിന്‍ ചെയ്യാനും സമയമുണ്ട്’ സിദ്ധരാമയ്യ പറഞ്ഞു.

അതേപോലെ തന്നെ ബീഹാറില്‍ പ്രളയമുണ്ടായപ്പോള്‍ ഉടനെ തന്നെ അദ്ദേഹം അത് ട്വീറ്റ് ചെയ്തു.എന്നാല്‍ കര്‍ണാടകയുടെ കാര്യത്തില്‍ ഒരു സഹതാപം പോലും പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ജനങ്ങളോട് പറയുന്നത് അദ്ദേഹത്തിന്റെ നെഞ്ചളവ് 56 ഇഞ്ചാണ് എന്നാണ്. പക്ഷെ മറ്റുള്ളവരോട് കരുണ കാണിക്കാതെ എത്രവലിയ നെഞ്ചുണ്ടായിട്ടെന്താണ് എന്നും സിദ്ധരാമയ്യ ചോദിച്ചു.