മഹാബലിപുരത്തെ ബീച്ചിൽ ചവറുപെറുക്കുമ്പോൾ നരേന്ദ്ര മോദിയുടെ കയ്യിലുണ്ടായിരുന്നതെന്ത്? ഉത്തരം മോദി തന്നെ പറയുന്നു

single-img
13 October 2019

മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതീവ സുരക്ഷാ മേഖലായി സൂക്ഷിച്ചിരുന്ന ടാജ് ഹോട്ടലിന്റെ സ്വകാര്യ ബീച്ചിൽ മോദിയ്ക്ക് ഫോട്ടോ ഷൂട്ടിനായി ചവർ കൊണ്ടിട്ടതാണെന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനവും ഉയർന്നിരുന്നു.

എന്നാൽ മാലിന്യം നീക്കുന്ന മോദിയുടെ കയ്യിലിരുന്ന വടി പോലെയുള്ള വസ്തു എന്താണെന്നത് മോദി ആരാധകരെയും വിമർശകരെയും ഒരുപോലെ കുഴക്കിയിരുന്നു. ആ സമസ്യയ്ക്ക് ഇപ്പോൾ മോദി തന്നെ ഉത്തരം നൽകിയിരിക്കുകയാണ്. അക്യു പ്രഷർ റോളർ എന്ന വ്യായാമ ഉപകരണമാണ് തന്റെ കയ്യിലുണ്ടായിരുന്നതെന്നാണ് മോദി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

“ഇന്നലെ മുതൽ നിങ്ങളിൽ നിരവധിപേർ ചോദിക്കുന്നുണ്ട്- ഞാൻ മാമല്ലപുരം ബീച്ചിൽ പ്ലോഗിംഗ് ( നടക്കാൻ പോകുമ്പോൾ മാലിന്യം പെറുക്കുന്ന പ്രവൃത്തി) ചെയ്യുമ്പോൾ എന്റെ കയ്യിലുണ്ടായിരുന്നത് എന്തായിരുന്നു എന്ന്. അത് അക്യു പ്രെഷർ റോളർ ആണ്. ഞാൻ അത് വല്ലപ്പോഴുമൊക്കെ ഉപയോഗിക്കാറുണ്ട്. അത് വളരെ സഹായകരമാണ്.”

മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ ഭാഗമായി തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയതായിരുന്നു പ്രധാനമന്ത്രി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായുള്ള സന്ദർശനത്തിനിടെ
പ്രഭാത സവാരിക്ക് മഹാബലിപുരം ബീച്ചില്‍ എത്തിയ മോദി ഒരു പ്ലാസ്റ്റിക് കവറില്‍ കടലോരത്തെ മാലിന്യം പെറുക്കുന്ന വീഡിയോയാണ് വൈറലായത്.

സന്ദര്‍ശകര്‍ ബീച്ചില്‍ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റുകളും മറ്റുമാണ് മോദി പെറുക്കുന്നത്. പെറുക്കിയെടുത്ത മാലിന്യങ്ങള്‍ താജ് ഫിഷര്‍മെന്‍സ് കോവ് റിസോര്‍ട്ട് ആന്റ് സ്പായിലെ ജീവനക്കാരനെ മോദി ഏല്‍പ്പിക്കുകയും ചെയ്തു. താന്‍ മാലിന്യം പെറുക്കുന്ന വീഡിയോ മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.