കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി: മൃതദേഹം കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം

single-img
13 October 2019

കൊല്ലം: മകൻ അമ്മയെ കൊന്നു വീട്ടുവളപ്പിൽ കുഴിച്ചു മൂടി. പട്ടത്താനം നീതി നഗറിൽ സാവിത്രിയമ്മയെയാണ് മകൻ കൊലപ്പെടുത്തിയത്.

ഒരുമാസത്തിലേറെ പഴക്കമുള്ള മ്യതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക്ക് ടാങ്കിന് സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. മകനും സുഹൃത്തിനെ കൊന്നകേസിൽ പ്രതിയുമായ സുനിലിനെ പൊലീസ് അറസ്റ്റു ചെയ്തു.

മകനും അമ്മയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയിൽ വിശദമായ അന്വേഷണത്തിനായി മകന്‍റെ വീട്ടിലെത്തിയതായിരുന്നു പൊലീസ്. സെപ്റ്റംബർ മൂന്നു മുതൽ അമ്മയെ കാണാനിലെന്ന് കാട്ടി സാവിത്രിയമ്മയുടെ മകൾ ഏഴാം തീയതി ഈസ്റ്റ് പൊലീസിൽ പരാതി നല്‍കിയിരുന്നു.

സുനിലിനെ ഉള്‍പ്പെടെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊന്ന കേസിലടക്കം പ്രതിയായ സുനിലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനിയില്ല.

നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മകന്‍ അമ്മയെ ദേഹോപദ്രവമേല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീടിന്‍റെ മുറ്റത്ത് ഒരു കുഴി നികത്തിയതുപോലെയുള്ള ഇടം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. 

ഇവിടെ നിന്നും ദുര്‍ഗന്ധവും ഉയരുന്നുണ്ടായിരുന്നു. ഈ ഭാഗം കുഴിച്ച് നോക്കിയപ്പോള്‍ ദുർഗന്ധം വര്‍ധിച്ചു. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍  മകൻ സുനിൽ അമ്മയെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നുവെന്ന്  പൊലീസിനോട് തുറന്ന് സമ്മതിക്കുകയായിരുന്നു.

ഓഹരി ആവശ്യപ്പെട്ട് സഹോദരൻ സ്ഥിരം അമ്മയെ മർദിക്കുമായിരുന്നുവെന്ന് മകൾ ലാലി പറഞ്ഞു. നാലുമക്കളുള്ള സാവിത്രിയമ്മ രണ്ടു വർഷത്തോളമായി ഏറ്റവും ഇളയവനായ സുനിലിനൊപ്പം നീതി നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. മദ്യത്തിനും മറ്റും ലഹരിക്കും അടിമയായിരുന്നു സുനിൽ.

ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൂട്ടുപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന സുനിലിന്റെ സുഹ്യത്തും ഓട്ടോ ഡ്രൈവറുമായ കുട്ടൻ ഒളിവിലാണ്. ഇയാളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.