പ്രളയം: സംസ്ഥാനത്തെ ഡാമുകളിലെയും പുഴകളിലെയും മണലും എക്കൽ മണ്ണും അടിയന്തരമായി നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

single-img
11 October 2019

സംസ്ഥാനത്തിൽ തുടർച്ചയായുണ്ടായ പ്രളയത്തെ തുടർന്ന് ഡാമുകളിലും പുഴകളിലും നദികളിലും വന്നടി‍ഞ്ഞ മണലും എക്കൽ മണ്ണും അടിയന്തരമായി നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇതിനായി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ‍ക്ക് അധികാരമുണ്ട്.

അതിനാൽ കളക്ടർമാർ ഈ അധികാരമുപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ മണൽ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ നിർദ്ദേശിച്ചു. ഇതിനുവേണ്ടി സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ മംഗളം, ചുള്ളിയാർ ഡാമുകളിൽ നിന്നും മണലും എക്കൽ മണ്ണും ജലവിഭവ വകുപ്പ് നീക്കം ചെയ്യും. ജലവിഭവവകുപ്പിന്‍റേത് കൂടാതെ വൈദ്യുതിവകുപ്പിന് കീഴിലുള്ള ഡാമുകളിൽ നിന്നും മണ്ണും മണലും നീക്കം ചെയ്യും. ഈ വർഷം നവംബർ മാസത്തോടെ ഹരിത കേരളം മിഷന്‍റെ സഹകരണത്തോടെ എല്ലാ ജലാശയങ്ങളും വൃത്തിയാക്കണമെന്നും യോഗം തീരുമാനിച്ചു.