കോന്നി ഉപതെരഞ്ഞെടുപ്പ് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചില്‍ കുത്താനുള്ള അവസരം: എ പി അബ്ദുള്ളക്കുട്ടി

single-img
10 October 2019

കോന്നിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കായി മത്സരിക്കുന്ന കെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്നും പോളിംഗ് സ്റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചില്‍ കുത്താനുള്ള അവസരമാണിതെന്നും എ പി അബ്ദുള്ളക്കുട്ടി. മുൻപ് താമരശ്ശേരി ബിഷപ്പിന്റെ മുഖത്തുനോക്കി നികൃഷ്ട ജീവി എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും വിശ്വാസികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായിയെന്നും അബ്ദുള്ളക്കുട്ടി കോന്നിയിലെ റാലിയില്‍ പറഞ്ഞു.

മുൻ നിലപാടുകളൊക്കെ സിപിഎം മാറ്റിപ്പറയാന്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ വിശ്വസിക്കുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയം വന്നപ്പോൾ വിശ്വാസസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുരേന്ദ്രന്‍. ക്ഷേത്രത്തിലേക്ക് ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പോലീസ് വളഞ്ഞിട്ട് ആക്രമിച്ചത്.

കെ സുരേന്ദ്രനെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. അവയ്‌ക്കെല്ലാം പകരം വീട്ടാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജി മുമ്പോട്ട് വച്ച ഒരു സ്വപ്നമുണ്ട്. ശബരിമല ക്ഷേത്രത്തെ ഒരു ലോകോത്തര തീര്‍ത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറയുന്നതൊക്കെ യാഥാര്‍ത്ഥ്യമാക്കുന്ന വ്യക്തിയാണ്. മോദി വിഭാവനം ചെയ്ത ശബരിമലയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കെ സുരേന്ദ്രന് വോട്ടുചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.