2021ൽ കേരളത്തില്‍ യുഡിഫ് സർക്കാർ വന്നാൽ ആദ്യം ചെയ്യുന്നത് ശബരിമല വിധിയെ മറികടക്കാനുള്ള നിയമ നിര്‍മ്മാണം: ചെന്നിത്തല

single-img
5 October 2019

2021ൽ കേരളത്തിൽ യുഡിഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യാൻ പോകുന്നത് സുപ്രീം കോടതിയുടെ ശബരിമല വിധിയെ മറികടക്കാനുള്ള നിയമ നിർമ്മാണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്‌ബിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഒളിച്ചു കളിക്കുകയാണ്. മാർക്സിസ്റ്റ്‌ പാർട്ടിയുടെ കറവ പശുവാണ് കെഎസ്ഇബി. ലാവ്‌ലിൻ കേസിൽ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് ഇവിടെ നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തലസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലായിൽ തോറ്റത് ജനങ്ങൾ നൽകിയ താക്കീതെന്ന്പറഞ്ഞ അദ്ദേഹം, ഇക്കുറി തോൽ‌വിയിൽ പാഠം പഠിച്ചാണ് യുഡിഫ് ഇറങ്ങുന്നതെന്നും കൂട്ടിച്ചേർത്തു. സമ്പന്മാരുടെ സർക്കാരാണ് കേരളത്തിലും കേന്ദ്രത്തിലുമുള്ളത്. കേരളത്തിൽ കൊച്ചി മെട്രോ ഉൾപ്പെടെ തുടങ്ങി വച്ചത് യുഡിഫ് സർക്കാരാണ്.

ഇപ്പോൾ കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതി ആയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയുടെ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ശബരിമല ക്ഷേത്രത്തിൽ യുവതികളെ കയറ്റാൻ സർക്കാർ ഇപ്പോഴും കോപ്പുകൂട്ടുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.