വയറുവേദന; പി ചിദംബരത്തെ തിഹാര്‍ ജയിലില്‍ നിന്നും എയിംസിലേക്ക് മാറ്റി

single-img
5 October 2019

ഐഎൻഎക്സ് മീഡിയ അഴിമതി കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ദില്ലി എയിംസിലേക്ക് മാറ്റി. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിവരം.

ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ പരിശോധന ഇപ്പോഴും തുടരുകയാണ്. സിബിഐ അറസ്റ്റ് ചെയ്യുകയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും 4 കിലോയോളം ഭാരം കുറഞ്ഞെന്നും അദ്ദേഹം നേരത്തെ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ കേന്ദ്രധനകാര്യമന്ത്രികൂടിയായ ചിദംബരത്തെ ഓഗസ്റ്റ് 21നാണ് സി ബി ഐ അറസ്റ്റ് ചെയ്തത്.