ഉത്തർപ്രദേശിൽ പഞ്ചായത്ത് പ്രസിഡന്റിനെ അജ്ഞാതർ വെടിവെച്ചുകൊന്നു

single-img
1 October 2019

ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റിനെ അജ്ഞാതർ വെടിവെച്ചുകൊന്നു. രേണുക്കുട്ട് നഗർ പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രതാപ് സിംഗിനെയാണ് ബൈക്കിലെത്തിയ ഒരു സംഘം അക്രമികൾ ചേർന്ന് വെടിവെച്ചുകൊലപ്പെടുത്തിയത്.

രേണുക്കൂട്ടിലെ വീടിനുമുന്നിൽ ഇരിക്കുകയായിരുന്ന ശിവ പ്രതാപ് സിംഗിനു നേരെ രണ്ടു ബൈക്കുകളിലായെത്തിയ ആറംഗ മുഖം മൂടി സംഘം വെടിയുതിർക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിൽ തോളിനു താഴെയായി മൂന്നു വെടിയേറ്റു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ശിവ പ്രതാപ് സിംഗിനെ ഒരുകൂട്ടമാളുകൾ ആക്രമിക്കുന്നതായി രാത്രി ഏകദേശം പത്തരമണിയ്ക്ക് തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും അവിടെയെത്തിയപ്പോൾ അദ്ദേഹം രക്തത്തിൽ കുളിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടതെന്നും പൊലീസ് അറിയിച്ചു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വാരണാസിയിലുള്ള ട്രോമ കെയർ ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അവിടെയെത്തിച്ചെങ്കിലും അവിടെ വെച്ച് ശിവ പ്രതാപ് സിംഗ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും വീഡിയോ ദൃശ്യങ്ങളിൽ ഉള്ളവർ തന്നെയാണോ കൊലപാതകം നടത്തിയത് എന്ന് അന്വേഷിക്കുന്നുണ്ടെന്നും സോനഭദ്ര സീനിയർ പൊലീസ് ഓഫീസർ പ്രഭാകർ ചൌധരി മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.