പി കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് മഹിജ സുപ്രീം കോടതിയിലേക്ക്

single-img
1 October 2019

നാദാപുരം: ജിഷ്ണു പ്രണോയ് കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കുറ്റ വിമുക്തനാക്കിയ നടപടിയില്‍ പ്രതിഷേധ വുമായി ജിഷ്ണുവിന്റെ അമ്മ മഹിജ. നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹിജ പറഞ്ഞു.

ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സ്ഥിരീകരിച്ച്‌ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, കോളേജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, അധ്യാപകരായ പ്രദീപന്‍, ദിപിന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.

തെളിവുകളുടെ അഭാവത്തില്‍ ഇവര്‍ക്കെതിരേ കുറ്റംചുമത്താനാകില്ലെന്ന് കോടതിയില്‍ സിബിഐ നല്‍കിയ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെയാണ് മഹിജ സുപ്രീംകോടതിയെ സമീപിക്കുന്നത്.

2017 ജനുവരി 6 ന് പരീക്ഷാ ഹാളില്‍ നിന്ന് കോപ്പിയടിച്ചെന്നാരോപിച്ച് പിടികൂടിയ ജിഷ്ണുവിനെ
വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, സിപി പ്രവീണ്‍ എന്നിവര്‍ ജിഷ്ണുവിനെ രൂക്ഷമായി ശകാരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട മഹിജയുടെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി. 2018 ജനുവരിയിലാണ് അന്വേഷണം കൈമാറിയത്.