ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിനെ ജിങ്കന് പകരം നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബച്ചെ നയിക്കും

single-img
1 October 2019

ഐഎസ്എല്ലിൽ ആറാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബച്ചെ നയിക്കും. നിലവിലെ നായകനായ സന്ദേശ് ജിങ്കന് പകരമാണ് ഒഗ്ബച്ചെ എത്തുന്നത്. ടൂർണമെന്റിന്റെ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള സന്ദേശ് ജിങ്കനാണ് അവസാന രണ്ട് സീസണുകളിലും ടീമിനെ നയിച്ചിരുന്നത്.ടീമിലേക്ക് പുതിയ കോച്ച് എൽകോ ഷട്ടോരിയെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തും മാറ്റമുണ്ടാവുകയായിരുന്നു.

കോച്ച് തനിക്കൊപ്പം നോർത്ത് ഈസ്റ്റ് യുനൈറ്റഡിൽ ഉണ്ടായിരുന്ന ബർത്തലോമിയ ഒഗ്ബച്ചേയെ ടീമിലെത്തിച്ചു.
തുടർന്ന് ഇപ്പോൾ ക്യാപ്റ്റൻസിയും നൈജീരിയൻ താരത്തിന് നൽകി. വളരെ മികച്ച ടീമാണ് ഇത്തവണ കേരള ബ്ലാസ്റ്റേസിന്‍റേതെന്നും ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ബർത്തലോമിയോ ഒഗ്ബച്ചെ പറഞ്ഞു.

കഴി‍‍ഞ്ഞ സീസണിൽ കളിച്ച 19 മത്സരങ്ങളിൽ നിന്നായി 12 ഗോളുകളാണ് ഒഗ്ബച്ചെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി നേടിയത്. മാത്രമല്ല സീസണിലെ ഗോള്‍ഡന്‍ ബൂട്ട് റണ്ണർ അപ് കൂടിയായിരുന്നു ഈ നൈജീരിയൻ താരം.