തെലുങ്കാന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഉൾപ്പെടെ 45 നാമനിര്‍ദേശ പത്രികകള്‍ തള്ളി; പ്രതിഷേധം പടരുന്നു

single-img
1 October 2019

തെലങ്കാന സംസ്ഥാനത്തെ ഹുസുര്‍നഗര്‍ നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച സിപിഎം സ്ഥാനാര്‍ത്ഥി ഉൾപ്പെടെയുള്ളവരുടെ 45 നാമനിര്‍ദേശ പത്രികകള്‍ തള്ളി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 31 നാമനിര്‍ദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് വരണാധികാരി സ്വീകരിച്ചത്. മണ്ഡലത്തിൽ ആകെ 76 പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നത്.

മണ്ഡലത്തിൽ സിപിഎംസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഖര്‍ റാവു സമര്‍പ്പിച്ച പത്രികയില്‍ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. അതേസമയം, പത്രിക തള്ളിയതിനെതിരെ ശേഖര്‍ റാവുവും സിപിഎം പ്രവര്‍ത്തകരും വരണാധികാരിയുടെ ഓഫീസിനകത്ത് പ്രതിഷേധം നടത്തി. ഗൂഢാലോചന നടത്തിയാണ് പത്രിക തള്ളിയതെന്ന് സിപിഎം ആരോപിച്ചു. ഇവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്.

തെലുങ്കാനാകോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഹുസുര്‍നഗര്‍ എംഎല്‍എ നല്‍ഗോണ്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.